ന്യൂഡൽഹി: 12 വർഷമായി ചലനശേഷിയില്ലാതെ കഴിയുന്ന വ്യക്തിക്കു ദയാവധം നൽകുന്നതു സംബന്ധിച്ച വിഷയം പരിശോധിക്കുന്നതിന് രണ്ടാമത്തെ മെഡിക്കൽ സംഘം രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം.
ചലനശേഷി നഷ്ടപ്പെട്ട 32കാരൻ സാധാരണ ജീവിതത്തിലേക്കു തിരികെ വരാൻ സാധ്യതയില്ലെന്നാണ് സുപ്രീംകോടതി രണ്ടാഴ്ച മുന്പ് നിയോഗിച്ച ആദ്യ മെഡിക്കൽസംഘം വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു രണ്ടാമത്തെ മെഡിക്കൽ സംഘം രൂപീകരിച്ച് ഈ മാസം 17ന് മുന്പായി റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് ഡയറക്ടറോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് അച്ഛനാണു സുപ്രീംകോടതിയെ സമീപിച്ചത്.
2018 ലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിപ്രകാരം മരുന്നുകളും മറ്റും ഉപയോഗിച്ചുകൊണ്ട് നേരിട്ടുള്ള ദയാവധം (ആക്ടീവ് എത്തനേഷ്യ) ഇന്ത്യയിൽ അനുവദനീയമല്ല.
എന്നാൽ ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ സംവിധാനങ്ങൾ നൽകുന്നത് നിർത്തിക്കൊണ്ടുള്ള ദയാവധം (പാസീവ് എത്തനേഷ്യ) അനുവദിക്കാമെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. രോഗി ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് രണ്ടു മെഡിക്കൽസംഘം റിപ്പോർട്ട് നൽകണം.